ബിർമിംഗ്ഹാം: "വലിയ നോമ്പിൽ വചനം പഠിക്കാം - Let Us Learn the Word During Sauma Ramba' എന്ന ആഹ്വാനവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സംഘടിപ്പിക്കുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിന് ഇന്ന് തുടക്കം.
വിവിധ പ്രായ വിഭാഗങ്ങളിലായി ഏകദേശം 2,500 മത്സരാർഥികൾ ഈ വർഷം സുവറ ക്വിസിൽ പങ്കെടുക്കുന്നു. രൂപത ബൈബിൾ കലോത്സവത്തിനു ശേഷം ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരമായി സുവാറ ബൈബിൾ ക്വിസ് മാറിയിരിക്കുകയാണ്.
ഈ വർഷം ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുത്തത് പ്രെസ്റ്റൺ റീജിയണിൽ നിന്നാണ്. മത്സരാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം മാഞ്ചസ്റ്റർ റീജിയണും മൂന്നാം സ്ഥാനം കാന്റർബറി റീജിയണും നേടി.
മിഷൻ തലത്തിൽ ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുത്തത് മാഞ്ചസ്റ്റർ റീജിയണിലെ സെന്റ് തോമസ് അപ്പൊസ്തലിക് മിഷൻ, വിഥിൻഷോയിലാണ്. രണ്ടാം സ്ഥാനം പ്രെസ്റ്റൺ റീജിയണിലെ ഔർ ലേഡി ക്വീൻ ഓഫ് ദി ചർച്ച് മിഷൻ, ലിവർപൂൾ നേടി. മൂന്നാം സ്ഥാനം ബെർമിംഗ്ഹാം റീജിയണിലെ ഔർ ലേഡി ഓഫ് പെർപെച്ച്വൽ ഹെൽപ് മിഷൻ, സ്റ്റോക്ക്-ഓൺ-ട്രെന്റ് സ്വന്തമാക്കി.
വലിയ നോമ്പുകാലത്ത് ബൈബിൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ അപ്പൊസ്തലേറ്റ് വിശ്വാസികൾക്കായി ഒരുക്കിയ ‘സുവാറ ബൈബിൾ ക്വിസ് 2026’-ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് മത്സരാർഥികളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് ലഭ്യമാകും. മത്സരങ്ങളുടെ നിയമാവലിയും സമയക്രമവും ബൈബിൾ അപ്പൊസ്തലേറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ റൗണ്ടുകളിലായി നടക്കുന്ന ഓൺലൈൻ മത്സരങ്ങൾക്ക് ശേഷം ഫൈനൽ മത്സരം ഏപ്രിൽ 11ന് ലിവർപൂളിൽ നടത്തപ്പെടുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.